പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്റെ120-ാമത് യോഗം നാളെ ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്താ പ്രാരംഭ ആരാധനയ്‌ക്ക് നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭ മേലധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.
ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ.യൂയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ.തോമസ് മാര്‍ തീത്തോസ് എന്നിവരെ കൂടാതെ ദൈവശാസ്‌ത്ര പണ്‌ഡിതരും സുവിശേഷ പ്രസംഗകരുമായ ബിഷപ്പ് സിഫോ ഡി സിവ-സൗത്ത് ആഫ്രിക്ക,റവ. സാമുവല്‍ ടി. കമലേശന്‍-യു.എസ്.എ, റവ. ദുഷന്ത റൊഡ്രിഗോ-ശ്രീലങ്ക, ബിഷപ്പ് തോമസ് കെ. ഉമ്മന്‍ എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികര്‍.
10 ന് രാവിലെ 10 ന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്താ സന്ദേശം നല്‍കും. 13 ന് രാവിലത്തെ യോഗത്തില്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ സന്ദേശം നല്‍കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചയ്‌ക്ക് രണ്ടിനും വൈകിട്ട് 6.30 നും നടക്കുന്ന പൊതുയോഗത്തിന് പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ബൈബിള്‍ ക്ലാസും കുട്ടികള്‍ക്കുള്ള പ്രത്യേക യോഗവും നടക്കും.
11 ന് രാവിലെ 10 ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്‍മാര്‍ പങ്കെടുക്കും. സിറിയന്‍ യാക്കോബായ സഭയിലെ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രസംഗിക്കും. ഉച്ചയ്‌ക്ക് രണ്ടിന് സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ സമ്മേളനത്തില്‍ ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രസംഗിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് നാലിന് കുടുംബവേദി യോഗം. ബുധന്‍ നാലിന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക കൂട്ടായ്‌മ.
വ്യാഴം മുതല്‍ ശനി വരെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള യുവവേദി യോഗങ്ങള്‍. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് സുവിശേഷ പ്രസംഗ സംഘത്തിന്റെ മിഷിനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു.പൂര്‍ണ സമയ സുവിശേഷ വേലയ്‌ക്കായുള്ള പ്രതിഷ്‌ഠാ ശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.30 ന് നടക്കും.
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വെള്ളിയാഴ്‌ചയും അതിന് മുകളില്‍ ഉള്ളവര്‍ക്ക് ശനിയാഴ്‌ചയും പ്രതിഷ്‌ഠാശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. സുവിശേഷ പ്രസംഗ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് വര്‍ഗീസ് പുന്നയ്‌ക്കാട് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

No comments:
Post a Comment